top of page

ഗദ്യം കഥേതര പാഠങ്ങൾ Block 3 Unit - 3

തയ്യാറാക്കിയത്: നീന കുര്യൻ

Block:3

unit 3


ഡാർവിനിസത്തിന്റെ ചൂഷകരും വൈരികളും

1. മെമിക്സ് ,മെമി ഇവ എന്തെന്ന് വിശദമാക്കുക


റിച്ചാർഡ് ഡോക്കിൻസ് സെൽഫിഷ് ജീൻ എന്ന തന്റെ പുസ്തകത്തിലാണ് ഈ പദങ്ങൾ ഉപയോഗിച്ചിട്ടുള്ളത്.അനുകരണത്തിന്റെ യൂണിറ്റിന് മെമിഎന്ന് പറയുന്നു. മെമിയും മിമിക്സും അനുകരണം എന്ന അർത്ഥമുള്ള ഗ്രീക്ക് പദത്തിൽ നിന്നാണ് ഉണ്ടായത് .മനുഷ്യരുടെ എല്ലാ പ്രവർത്തികളിലും മെമിയുടെ സ്വാധീനമുണ്ട് .

ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന ഓരോന്നും ഓരോ മെമിയാണ്. മനുഷ്യമസ്തിഷ്കത്തിൽ സംഭരിക്കുകയും അനുകരണത്തിലൂടെ പ്രചരിക്കുകയും ചെയ്യുന്നതാണ് മെമികൾ .


2.അൾട്രൂയിസം എന്നാൽ എന്ത് ?

തനിക്ക് ഗുണകരമല്ലെങ്കിലും മറ്റ് ആളുകൾക്ക് ഗുണപ്രദവും തനിക്ക് ദോഷകരവുമായ ഒരു പ്രവർത്തി ഒരാൾ ചെയ്താൽ അത് അൽട്രൂയിസമാണ്. അൽട്രൂയിസം കാട്ടുന്നവർ രണ്ടു തരത്തിലുണ്ട്. തങ്ങൾക്ക് എന്ത് സംഭവിക്കും എന്ന് ചിന്തിക്കാതെ മറ്റുള്ളവർക്ക് ഗുണകരമാവട്ടെ എന്ന് ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവർ ഒരു വിഭാഗം. തങ്ങൾക്ക് നാശം ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട് പ്രവർത്തിക്കുന്നവർ മറ്റൊരു വിഭാഗം.

 മനുഷ്യർ മാത്രമല്ല ജന്തുക്കളും അൽട്രൂയിസം കാട്ടാറുണ്ട്. കൂട്ടംകൂട്ടമായി നടക്കുന്ന മാനുകളിൽ ഒരെണ്ണം പതുങ്ങി കിടക്കുന്ന കടുവയെ കാണുന്ന മാത്രയിൽ ഉറക്കെ ശബ്ദം ഉണ്ടാക്കി ആപത്തുണ്ടെന്ന് മാൻ കൂട്ടങ്ങളെ അറിയിക്കുന്നു. ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ കടുവ മാനിനുമേൽ ചാടി വീഴുന്നു. തന്റെ ജീവൻ അപായപ്പെടുത്തിക്കൊണ്ട് മറ്റുമാനുകളെ രക്ഷിച്ച ആ മാനിന്റെ പ്രവർത്തി അൽട്രൂയിസമാണ്. കൂടിനെ രക്ഷിക്കുവാൻ തേനീച്ചകൾ കൂടിന്‌ അടുത്തേക്ക് ചെല്ലുന്നവരെ കുത്തുകയും അതിനെ തുടർന്ന് ചത്തുപോവുകയും ചെയ്യുന്നതും അൽ ട്രൂയിസമായിസമാണ്.


3.ഡാർവിനിസത്തെ വെല്ലുവിളിച്ചുകൊണ്ട് രൂപപ്പെട്ട പ്രവണതകൾ ഏതെല്ലാം ?

ഡാർവിനിസത്തെ മറയാക്കിയും എതിർത്തും രൂപപ്പെട്ട മൂന്ന് പ്രവണതകളാണ് 

♦️സോഷ്യൽ ഡാർവിനിസം

♦️ യൂജനിക്സ്

♦️ക്രിയേഷനിസം

     എന്നിവ


സോഷ്യൽ ഡാർവിനിസം

വ്യക്തികളും ഗ്രൂപ്പുകളും ജനങ്ങളും സസ്യങ്ങളെയും മൃഗങ്ങളെയും പോലെ പ്രകൃതിനിർദ്ധാരണത്തിന്റെ അതേ ഡാർവിനിയൻ നിയമങ്ങൾക്ക് വിധേയരാണെന്ന സിദ്ധാന്തം.   19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഹെർബർട്ട് സ്പെൻസറും മറ്റുള്ളവരും വാദിച്ചു, 

രാഷ്ട്രീയ യാഥാസ്ഥിതികത, സാമ്രാജ്യത്വം, വംശീയത എന്നിവയെ ന്യായീകരിക്കാൻ ഇത് ഉപയോഗിച്ചു.


യൂജനിക്സ്

യൂജനിക്സ് 'നല്ല പാരമ്പര്യം ' എന്ന അർത്ഥമുള്ള ഗ്രീക്ക് പദത്തിൽ നിന്നാണ് രൂപപ്പെട്ടത്. ഫ്രാൻസിസ് ഗാൽട്ടൺ എന്ന  ശാസ്ത്രജ്ഞനാണ് ഇതിൻറെ ഉപജ്ഞാതാവ്. ഡാർവിന്റെ അതിജീവനം എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഗാൽട്ടൻ ലോകത്തിലെ സാമൂഹിക പ്രശ്നങ്ങൾക്ക് കാരണം ദരിദ്ര രാജ്യങ്ങളിലെ നിലവാരം കുറഞ്ഞ ജേം പ്ലാസമാണെന്ന് വാദിച്ചു. ശരീരകോശങ്ങളിലെ ന്യൂക്ലിയസിന്റെ ഉള്ളടക്കമാണ് ജേം പ്ലാസം. അമേരിക്കയിൽ ഒരു കുടിയേറ്റ നിയന്ത്രണ നിയമം കൊണ്ടുവരാൻ ഇതിന്റെ വക്താക്കൾക്ക് കഴിഞ്ഞു. യൂജെനിക്‌സിന് ശാസ്ത്രീയമായ അടിസ്ഥാനം ഇല്ലെന്ന് സ്ഥാപിക്കുവാൻ ജനിതകശാസ്ത്രജ്ഞനായ മോർഗനും പത്രപ്രവർത്തകൻ ആയ  വാൾട്ടർ ലിപ് മാനും ശ്രമിച്ചു.


ക്രിയേഷനിസം

ക്രിയേഷനിസം എന്നത് ഒരു പിന്തിരിപ്പൻ ആശയമാണ് .പരിണാമ സിദ്ധാന്തത്തെ യൂറോപ്പ് അംഗീകരിച്ചെങ്കിലും അമേരിക്കയിൽ പല ആളുകളും സൃഷ്ടിയെക്കുറിച്ചുള്ള ബൈബിൾ വിവരണത്തിൽ ഉറച്ചു നിൽക്കുന്നു. ക്രിയേഷനിസത്തിൽ 3  ഘടകങ്ങൾ ആണുള്ളത് .


1 - ദൈവമാണ് സൃഷ്ടികർമ്മം നടത്തിയത്.

2-  ഇന്ന് കാണുന്ന ജീവികളെല്ലാം ദൈവം സൃഷ്ടിച്ച അതേ രൂപത്തിൽ തന്നെ നിലനിൽക്കുന്നു.

3 - ദൈവം തൻറെ സ്വന്തം രൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചത്.   ഇവ മൂന്നും ഡാർവിനിസത്തിന് വിരുദ്ധമായ ചിന്താഗതികൾ ആണ് .


4.യൂജലിക് എന്ന ആശയത്തിന്റെ മേന്മകൾ ഏവ ?


ശരിയായ ദിശയിലുള്ള ബോധവൽക്കരണം ഉണ്ടെങ്കിൽ യൂജനിക്സ് സ്വാഗതാർഹമായ ഒരു ആശയം തന്നെയാണ്. മനുഷ്യരിലുള്ള പല ജനിതക രോഗങ്ങളെ തടയാൻ അതിന് കഴിയുന്നു .പലതരം ജനിതക രോഗങ്ങളുടെ പിടിയിൽ സമൂഹം അകപ്പെട്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം രീതികൾ സ്വീകാര്യമാണെന്ന് പറയാം.

വ്യക്തികളുടെ ജീനരൂപം മനസ്സിലാക്കി കഴിഞ്ഞാൽ വിവാഹപൂർവ്വ ജനറ്റിക് കൗൺസിലിംഗ് വഴി ജനിതകമായ പരിഗണനയിൽ സന്താനങ്ങൾക്ക് ഏതെങ്കിലും ജനിതകരോഗങ്ങൾ വരാനുള്ള സാധ്യത വലിയൊരു അളവ് വരെ വിദഗ്ധർക്ക് പ്രവചിക്കാൻ കഴിയും. സിക്കിൾ സെൽ അനീമിയ പോലുള്ള ധാരാളം ജനതക രോഗങ്ങൾ ഇതുവഴി ഫലപ്രദമായി തടയാനാവും. ഇത്തരത്തിൽ ഒരു സമൂഹത്തിന്റെ ജീൻപൂൾ മെച്ചപ്പെടുത്താൻ സാധിക്കും. 


5.സോഷ്യൽ ബയോളജി എന്നാൽ എന്ത്


എല്ലാ ജൈവജാതികളുടെയും സാമൂഹിക തലത്തിലെ പെരുമാറ്റത്തിന്റെ ജീവശാസ്ത്രപരമായ അടിസ്ഥാനത്തെ സംബന്ധിച്ചുള്ള ചിട്ടയായ പഠനം എന്നാണ് ഇ .ഓ വിൽസൺ എന്ന ശാസ്ത്രജ്ഞൻ സോഷ്യോബയോളജിയെ നിർവചിച്ചത്.


6.മലയാളത്തിലെ ശാസ്ത്രരചനകളുടെ ചരിത്രം സംഗ്രഹിച്ച് ഉപന്യാസം തയ്യാറാക്കുക


അച്ചടിയുടെ ഭാഗമായി പാശ്ചാത്യ പുസ്തകങ്ങളും ആനുകാലികങ്ങളും ലഭ്യമായതോടുകൂടി പടിഞ്ഞാറൻ ദർശനങ്ങളോടും ശാസ്ത്രത്തോടും ഉള്ള ആഭിമുഖ്യം ഇവിടെ വളരാൻ സാഹചര്യം ഉണ്ടായി .ആ നിലയിൽ ആധുനിക രീതിയിലുള്ള വിജ്ഞാനങ്ങളുടെ വിനിമയവും വിതരണവും സാധ്യമായി. പരമ്പരാഗത ജ്ഞാന മാതൃകകളുടെ സ്ഥാനത്ത് ആധുനിക ശാസ്ത്ര വിഷയങ്ങൾ ഇടം പിടിച്ചു. മലയാളത്തിലെ ആദ്യകാല മാസികകൾ ശാസ്ത്ര ലേഖനങ്ങൾക്ക് നൽകിയ പ്രാധാന്യം അക്കൂട്ടത്തിൽ എടുത്തു പറയേണ്ടതാണ് .ശാസ്ത്ര വിജ്ഞാനത്തെ പരിപോഷിപ്പിക്കുന്ന 30 ഓളം ആനുകാലികങ്ങൾ 19 നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിൽ ഉണ്ടായി .വിദ്യാ വിലാസിനി സഭയും ഭാഷാപോഷിണി സഭയും ശാസ്ത്ര വിഷയങ്ങളുടെ വിനിമയം സാധ്യമാക്കുന്നതിൽ സവിശേഷമായ ശ്രദ്ധ ചെലുത്തിയിട്ടുണ്ട് .

 മിഷനറിമാരുടെ സംഭാവനകൾ അക്കൂട്ടത്തിൽ എടുത്തു പറയേണ്ടതാണ് പാശ്ചാത്യ സമൂഹങ്ങളിൽ ശാസ്ത്രസാങ്കേതിക രംഗത്ത് നടക്കുന്ന വികാസങ്ങൾ തങ്ങളുടെ ക്രൈസ്തവ മത പ്രചരണ പ്രവർത്തനങ്ങൾക്ക് സഹായകമായ വിധത്തിൽ മലയാളഭാഷയിൽ പ്രചരിപ്പിക്കാൻ ആദ്യമായി ശ്രമിച്ചത് മലബാറിൽ സുവിശേഷ പ്രവർത്തനം നടത്തിയിരുന്ന ജർമൻ പ്രൊട്ടസ്റ്റൻറ് സംഘമായ ബാസൽ മിഷനായിരുന്നു. ഇവരുടെ പ്രവർത്തനഫലമായി ധാരാളം ശാസ്ത്ര ഗ്രന്ഥങ്ങൾ മലയാളത്തിൽ രചിക്കപ്പെട്ടു .ആ നിലയിൽ എടുത്തു പറയേണ്ട ഒരു പുസ്തകം ജോഹന്നാസ് ഫ്രോൺ മേയർ രചിച്ച 'പ്രകൃതിശാസ്ത്രം ' . ആണ്. മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ ഭൗതികശാസ്ത്ര ഗ്രന്ഥം കൂടിയാണ് ഇത്.

മലയാളത്തിൽ ശാസ്ത്ര സംബന്ധിയായ ലേഖനങ്ങൾ ആദ്യം പ്രത്യക്ഷപ്പെട്ടത് പശ്ചിമോദയം മാസികയിലാണ് .ചർച്ച മിഷൻ സൊസൈറ്റി പ്രസിദ്ധീകരിച്ചു തുടങ്ങിയ ജ്ഞാന നിക്ഷേപം വിദ്യാസംഗ്രഹം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ശാസ്ത്രസംബന്ധിയായ ധാരാളം ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നാട്ടുമിഷ്ണറി ആയിരുന്ന ജോർജ് മാത്തൻ ഉൾപ്പെടെയുള്ളവർ ശാസ്ത്ര പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതായി കാണാം. പ്രാചീന ഭാരതീയ ശാസ്ത്രജ്ഞന്മാരിൽ അഗ്രഗണ്യനായിരുന്ന ആര്യഭടന്റെ ആര്യഭടീയം മുതലിങ്ങോട്ട് നിരവധി കൃതികൾ പൗരസ്ത്യവും പാശ്ചാത്യവും ആയ ധാരകളുടെ ഭാഗമായി രചിക്കപ്പെടുകയുണ്ടായി. ശാസ്ത്രജ്ഞാനം ജനങ്ങളിൽ എത്തിക്കാൻ ശ്രമിച്ച ഡോക്ടർ കെ ഭാസ്കരൻ നായർ , പി.ടി ഭാസ്കരപ്പണിക്കർ , ഇന്ദുചൂഡൻ തുടങ്ങിയവർ ഈ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ശാസ്ത്രസാഹിത്യത്തിന്റെ വികസനത്തിനും ശാസ്ത്ര ആഭിമുഖ്യം ജനങ്ങളിൽ വളർത്തുന്നതിനും വേണ്ടി സേവനോത്സുകതയോടെ പ്രവർത്തിക്കുന്ന സംഘടനയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് .

ആധുനിക വിജ്ഞാനം സ്ത്രീകൾക്ക് ലഭിക്കേണ്ടതിന്റെ പ്രാധാന്യം ചന്തുമേനോൻ ഇന്ദുലേഖ എന്ന കഥാപാത്രത്തിന്റെ സൃഷ്ടിയിലൂടെ ആവിഷ്കരിക്കുന്നുണ്ട്. ശാസ്ത്രവിജ്ഞാനവും മതദർശനവും കൈകോർക്കുന്നതും പരിണാമ സിദ്ധാന്തത്തിന്റെ ആഗമനത്തോടെ യൂറോപ്പിൽ രൂപപ്പെടുന്ന ചർച്ചകളുടെ അനുരണങ്ങളും ഇന്ദുലേഖയിലെ 18ആം അധ്യായത്തിൽ വായിച്ചെടുക്കാം .മലയാളത്തിലെ മിക്ക ആനുകാലികങ്ങളിലും വർത്തമാനപത്രങ്ങളിലും ആദ്യകാലം മുതൽ തന്നെ ശാസ്ത്ര വൈജ്ഞാനിക വിഷയങ്ങൾക്ക് പ്രാധാന്യം ലഭിച്ചിരുന്നു .

നോവലിൽ എന്നപോലെ ആദ്യ ചെറുകഥയായ ദ്വാരകയും ഒരു ശാസ്ത്ര കല്പിത കഥയാണ് .

ശാസ്ത്ര പ്രചാരണ രംഗത്ത് മാറ്റം സൃഷ്ടിച്ചത് കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് .ഇരുപതാം നൂറ്റാണ്ടിലെ മലയാള സാഹിത്യത്തിൽ ശാസ്ത്ര സാങ്കേതിക വികാസത്തോടും  ആധുനികരണത്തോടുമുള്ള അഭിനിവേശവും ഭീതിയുമെല്ലാം പ്രകാശിതമാകുന്നുണ്ട് .പോപ്പുലർ സയൻസ് എന്ന് വിളിക്കാവുന്ന ശാസ്ത്ര സാഹിത്യത്തിൽ ഉൾപ്പെടുത്താവുന്ന ആധുനിക തത്വശാസ്ത്രം എല്ലാം കെട്ടുപിണഞ്ഞ് കിടക്കുന്ന ജീവസുറ്റ ജീവശാസ്ത്രം എന്ന പുസ്തകം സുഹൃത്തുക്കൾ തമ്മിലുള്ള സംവാദം എന്ന രീതിയിലാണ് സംവിധാനം ചെയ്തിരിക്കുന്നത് .ശാസ്ത്ര ഗ്രന്ഥങ്ങൾ വായിക്കാൻ താല്പര്യമില്ലാത്ത സാധാരണക്കാർക്ക് വേണ്ടി ജീവശാസ്ത്രത്തെക്കുറിച്ച് അത്യാവശ്യ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത് .

85 views0 comments

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page