top of page

ഭാഷാശാസ്ത്രം Block 1 Unit - 1

തയ്യാറാക്കിയത്: നീന കുര്യൻ

Block 1

unit 1


ഭാഷാ പഠനം.


ഭാഷ

1. വാമൊഴി  

2. വരമൊഴി


ഭാഷാനിർവചനങ്ങൾ

♦️വ്യക്ത്യായം വാചി - പാണിനി

♦️അർത്ഥത്തോടു കൂടിയ ശബദം      -അരിസ്റ്റോട്ടിൽ

♦️ഭാഷ എന്നാൽ മനോവൃത്തികളെ വെളിപ്പെടുത്തുന്ന ഉപായമാണ് -എ ആർ രാജരാജവർമ്മ


ഭാഷാ പഠനം (3 തരം )

1.വ്യാകരണ പഠനം

2.ഭാഷാ വിജ്ഞാനീയം

a. ആഗമിക പഠനം

b. തുലനാത്മക പഠനം     

3.ഭാഷാശാസ്ത്രം'.             

                              

വ്യാകരണപഠനം


ഭാഷയെ കുറിച്ചുള്ള പരമ്പരാഗത പഠനശാസ്ത്രമാണ് വ്യാകരണം. ഭാഷയുടെ വ്യവഹാരത്തിൽ കേന്ദ്രീകരിച്ചുകൊണ്ട് അവയുടെ ശരിതെറ്റുകൾ വേർതിരിച്ച് വ്യാകരണപരമായ ശരി ഏതെന്ന് നിർദ്ദേശിക്കുകയാണ് അതിന്റെ ധർമ്മം.

ഭാഷാവിജ്ഞാനീയം

ലിഖിത ഭാഷയ്ക്ക് പ്രാധാന്യം നൽകുന്ന ബഹുകാലികമായ ഒരു പഠനശാഖയാണ് ഭാഷാ വിജ്ഞാനീയം .ചരിത്ര സന്ദർഭങ്ങളിൽ ഊന്നിയുള്ള പഠനമാണ് ഇതിലൂടെ നിർവഹിക്കുന്നത്ചരിത്രപരവും താരതമ്യാത്മകവുമായ ഭാഷാ പഠനമാണ് ഭാഷാ വിജ്ഞാനീയം .


a. ആഗമിക പഠനം :വിവിധ കാലഘട്ടങ്ങളിൽ എഴുതപ്പെട്ട രേഖകൾ ആസ്പദമാക്കിയുള്ള ഭാഷാ പഠനം.


b. തുലനാത്മക പഠനം :സജാതീയ ഭാഷകളെ താരതമ്യം ചെയ്ത് പ്രാക്‌ഭാഷയുടെ സവിശേഷതകൾ അനുമാനിച്ച് കണ്ടെത്തുന്നത് വഴിയുള്ള ഭാഷാ പഠനം'.


ഭാഷാശാസ്ത്രം

ഭാഷയെ കുറിച്ചുള്ള ശാസ്ത്രമാണ് ഭാഷാശാസ്ത്രം . ഭാഷയെ അടിസ്ഥാനമാക്കി നടത്തുന്ന പഠനശാഖയുടെ സാങ്കേതിക നാമം ആണിത് .മറ്റൊരു തരത്തിൽ പറഞ്ഞാൽ ഭാഷയെ ശാസ്ത്രീയമായി അപഗ്രഥിക്കുന്ന പഠനശാഖയാണ് ഭാഷാ ശാസ്ത്രം .ഭാഷയുടെ എല്ലാ സാഹചര്യത്തിലും ഉള്ള പ്രയോഗങ്ങളെയും തുല്യ പ്രാധാന്യത്തോടെ ഭാഷാശാസ്ത്രം പഠനവിധേയമാക്കുന്നു.

ഭാഷാപഗ്രഥനരീതികൾ

ഭാഷ പഠനത്തിനും അതിൻറെ ശാസ്ത്രീയത ചോർന്നു പോകാതെ കൃത്യമായ വ്യവസ്ഥയോടുകൂടി പഠിക്കുവാനായി ഉപയോഗിക്കുന്ന രീതിശാസ്ത്രത്തെ ഭാഷ അപഗ്രഥന രീതികൾ എന്ന് പറയുന്നു.

ഇത് 2 തരം

♦️ഏകകാലികം

♦️ബഹുകാലികം


ഏകകാലിക പഠനം :

കാലത്തിൻറെ ഒരു പ്രത്യേക ബിന്ദുവിൽ നിന്നുകൊണ്ട് ഭാഷാവസ്തുതകളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന രീതിയാണ്ഏകകാലിക പഠനം. ഇതിനെ ഘടനാത്മകം എന്നും വിവരണാത്മകം എന്നും അറിയപ്പെടുന്നുണ്ട് .

ഒരു പ്രത്യേക ഭാഷണ സമൂഹം ഒരു പ്രത്യേക കാലഘട്ടത്തിൽ പ്രയോഗിക്കുകയും പെരുമാറുകയും ചെയ്യുക /ചെയ്യുന്ന ഭാഷയെ കുറിച്ചുള്ള പഠനം ആണിത് .കൃത്യമായ ഒരു ഇടവേളയിൽ അല്ലെങ്കിൽ ഒരു നിശ്ചിത കാലയളവിൽ നിലനിൽക്കുന്ന വാമൊഴി ഭേദത്തെയോ സാഹിത്യകൃതികളിലെ ഭാഷയേയോ ഇതിലൂടെ അപഗ്രഥിക്കുന്നു .ഭാഷയുടെ ഉത്ഭവം വളർച്ച ഘട്ടങ്ങൾ എന്നിവയൊന്നും ഏക കാലിക പഠനം അഭിമുഖീകരിക്കുന്നില്ല.


ബഹുകാലിക പഠനം:

ഭാഷാവസ്തുതകളെ ചരിത്രപരമായ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്ന രീതിയാണ് ബഹുകാലിക പഠനം. ഏതെങ്കിലും ഒരു ഭാഷ അതിൻറെ ആവിർഭാവം മുതൽ വിവിധ ഘട്ടങ്ങളിലായി കൈവരിച്ച വികാസം ,പുതിയ പദങ്ങളുടെ കടന്നുവരവ്, അർത്ഥതലത്തിലും പ്രയോഗ തലത്തിലും വന്ന മാറ്റങ്ങൾ, പുതിയ പ്രയോഗങ്ങൾ, എന്നിവയെല്ലാം ബഹുകാലിക പഠനത്തിൽ ഉൾപ്പെടുന്നു.


ഫ്രാൻസിസ്ബോപ്പ്

ഇൻഡോ -യൂറോപ്പ്യൻ താരതമ്യ വ്യാകരണ ശാസ്ത്രത്തിൻറെ പിതാവ് എന്ന് കരുതപ്പെടുന്ന ഭാഷാ ശാസ്ത്രകാരനാണ് ഫ്രാൻസിസ് ബോപ്പ് .സംസ്കൃത ഭാഷാ ശാസ്ത്രത്തിലും താരതമ്യ ഭാഷാ ശാസ്ത്രത്തിലും ഒരു അളവ് വരെ സ്വന്തമായി ജ്ഞാനം നേടിയെടുത്ത പണ്ഡിതനാണ് അദ്ദേഹം. 1816 ൽ ബോപ്പ് തന്റെ ആദ്യ ഭാഷാ ശാസ്ത്ര ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ശാസ്ത്രീയമായ ക്രിയാപദ ഘടനയിലൂടെ സംസ്കൃതം, ഗ്രീക്ക് , ഗോഥിക് ,ലാറ്റിൻ ഭാഷകളിൽ ക്രിയാപദ സങ്കേതത്തെ പരീക്ഷണാർത്ഥം അവതരിപ്പിക്കുകയും അതിലൂടെ വാഗ് ബാഹുല്യം എന്ന ആശയത്തെപ്പറ്റി പ്രസ്താവിക്കുകയും ചെയ്തു. 

തൻറെ രണ്ടാമത്തെ പുസ്തകത്തിൽ ക്രിയാ പദങ്ങളെ പറ്റിയും ക്രിയാ ധാതുക്കളെ പറ്റിയും വിശദമാക്കുന്നു. ഇതിലൂടെ ഇൻഡോ യൂറോപ്യൻ ക്രിയാപദങ്ങളുടെ ഉത്ഭവം ഏകാ അക്ഷരപദങ്ങളിൽ /ഏകാ അക്ഷര ധാതുക്കളിൽ നിന്നാണെന്ന് സിദ്ധാന്തിക്കുന്നു. അദ്ദേഹം നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി സംസ്കൃത വ്യാകരണ ഗ്രന്ഥങ്ങളും ശബ്ദകോശങ്ങളും കെൽട്ടിക് ,  സംസ്കൃത വിവർത്തന ഗ്രന്ഥങ്ങളും പ്രാചീന പേർഷ്യൻ അൽബേറിയൻ ഭാഷകളെ സംബന്ധിച്ച പഠനങ്ങൾ എന്നിവയും ഉൾപ്പെടുന്നു.

 ഗവേഷണത്തിനും എഴുത്തിനും തന്റേതായ രീതി കണ്ടുപിടിച്ച ബോപ്പ് താരതമ്യ വ്യാകരണ പഠനശാഖയിലും കയ്യൊപ്പ് പതിപ്പിച്ചു. പൊതുവേ ഭാഷയുടെ ചരിത്രത്തെ അദ്ദേഹം സമീപിച്ചിരുന്നത് ചരിത്ര- പ്രകൃതി -വാദത്തിൽ ഊന്നിയായിരുന്നു. ഭാഷയെ സങ്കീർണമായ ഘടനാ രൂപമായി കണ്ട് അവയുടെ തുടക്കവും വളർച്ചയും അപഗ്രഥത്തിലൂടെ കണ്ടെത്താം എന്ന് ബോപ്പ് വാദിച്ചു.


റാസ്മസ്റാസ്ക്


ഇൻഡോ - യൂറോപ്യൻ താരതമ്യ വ്യാകരണ ചരിത്രം പരിശോധിച്ചാൽ അതിൻറെ തുടക്കം ഫ്രാൻസിസ് ബോപ്പിൽ നിന്നാണെന്ന് കാണാം. അദ്ദേഹത്തിന് ശേഷം താരതമ്യ വ്യാകരണ പഠനത്തിലേക്ക് സംഭാവനകൾ ചെയ്ത മറ്റൊരു ഡാനിഷ് പണ്ഡിതനാണ്  റാസ്മസ് റാസ്ക്‌ . വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ച് പരിജ്ഞാനം നേടിയ അദ്ദേഹം ഒരു ബഹുഭാഷാ പണ്ഡിതനായിരുന്നു. തന്റെ വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി കിഴക്കൻ രാജ്യങ്ങളിലായിരുന്നു അദ്ദേഹം കൂടുതലായി സന്ദർശിച്ചിരുന്നത് .ഹീബ്രു, ഈജിപ്ഷ്യൻ, കാലഗണങ്ങൾ ഉൾപ്പെടെ പുരാതനവും ആധുനികവുമായ നിരവധി ഭാഷകളിൽ വ്യാകരണ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .

പതിനെട്ടാം നൂറ്റാണ്ടിലെ പൊതു വ്യാകരണ ശാസ്ത്രത്തിലെ ആശയങ്ങളാണ് റാസ്ക് പഠനങ്ങളിൽ പലപ്പോഴും ഉപയോഗിച്ചിട്ടുള്ളത്. ഭാഷകൾ തമ്മിലുള്ള ജൈവ ബന്ധത്തെപ്പറ്റി വ്യക്തമായ ധാരണ പുലർത്തിയിരുന്ന ഭാഷാ ശാസ്ത്രജ്ഞനായിരുന്നു റാസ്ക് .1814 രചിച്ച ചെറുലേഖനത്തിൽ ഗ്രീക്ക് ലാറ്റിൻ ജർമ്മനിക്ക് ഭാഷകളിലെ ശബ്ദ രൂപങ്ങൾ എങ്ങനെയാണ് ഒരേ രീതിയിൽ വരുന്നതെന്നും അവ സ്ലാവിക്, ബാൽട്ടിക് ഭാഷകളോട് പുലർത്തുന്ന ബന്ധങ്ങളും വളരെ കൃത്യമായി വിവരിച്ചിട്ടുണ്ട്. 1818 ഈ ലേഖനം പ്രസിദ്ധീകരിച്ചു .പിന്നീട് അദ്ദേഹം സംസ്കൃതത്തിലും അ വെസ്റ്റർ ഭാഷയിലും ആകൃഷ്ടനായി. ക്രമേണ ഇൻഡോ ഇറാനിയൻ ഭാഷകൾക്ക് പ്രാധാന്യം നൽകാതെ വന്നു.   

റാസ്കിന്റെ പഠനത്തെ പിൻപറ്റിയാണ് ജേക്കബ് ഗ്രിം 'ഗ്രിംസ് ലോ ' അവതരിപ്പിച്ചത്. റാസ്ക്കിന്റെ മറ്റൊരു ആശയമായിരുന്നു ആന്തരികവും ബാഹ്യവുമായ പുനസൃഷ്ടി.


ലെയിപ്സിഗ് യൂണിവേഴ്സിറ്റി


ലെയിപ്സ‌ിഗ് യൂണിവേഴ്‌സിറ്റിക്ക് ഭാഷാശാസ്ത്രത്തിനു വലിയൊരു പാരമ്പര്യം അവകാശപ്പെടാനുണ്ട്. 1887ലാണ് പൊതു ഭാഷാശാസ്ത്ര പഠനം ആദ്യമായി ഇവിടെ അവതരിപ്പിക്കുന്നത്. അന്ന് അവിടെ നിയമിക്കപ്പെട്ട ഭാഷാവിദഗ്‌ധർ ഭാഷയെ ശാസ്ത്രപരമായി മാത്രമല്ല,

സൈദ്ധാന്തികപരമായും, രീതിശാസ്ത്രപരമായും അവയുടെ പ്രശ്നങ്ങളെ സമീപിക്കണമെന്ന് തീരുമാനമെടുത്തവരായിരുന്നു. ആദ്യത്തെ പ്രഫസറായ കാൾ ബ്രുഗ്മാൻ,  ലെയിപ്സ‌ിഗ് യൂണിവേഴ്സിറ്റിയെ ലോകത്തിലെത്തന്നെ ഭാഷാശാ സ്ത്രത്തിന്റെ കേന്ദ്രമാക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചു. തുടർന്ന് അദേഹത്തിന്റെ പിൻഗാമിയായിവന്ന വിൽഹേം സ്ട്രൈറ്റ്‌ബെർഗ് വളരെ മികച്ച നേട്ടങ്ങൾ യൂണിവേഴ്സ‌ിറ്റിക്ക് നേടിക്കൊടുത്തു. 1891ൽ ഇൻഡോ-ജെർമാനിക് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ ഭാഷാശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടു.

ഭാഷ താരതമ്യ പഠനത്തിൻറെ പുതിയ വ്യാകരണം മാതൃകയിൽ നിന്നുമാണ് ഈ ഭാഷാ ശാസ്ത്രശാഖ വികസിപ്പിച്ചെടുത്തത്.

നവീകരണ പണ്ഡിതന്മാരുടെ സൈദ്ധാന്തിക പിൻഗാമിത്വം 

തെളിയിക്കപ്പെട്ടത് അവരുടെ പ്രോജക്ടിൽ കാണപ്പെട്ട കൃത്യമായ വ്യവസ്ഥകളുടെയും വിശ്വാസ യോഗ്യമായ ഫലത്തിൻ്റെയും പുറത്താണ്. നിലവിലെ അധ്യാപകരെ ഉൾപ്പെടുത്തിക്കൊണ്ട് തന്നെ പൊതുഭാഷാ ശാസ്ത്രത്തിൽ ഒരു പഠന കാര്യക്രമം ഉണ്ടാക്കുകയും അതിൽ വിജയിച്ച HDR ലെ ഏക യൂണിവേഴ്സിറ്റി ആയി ലെയിപ്‌സിഗ് മാറുകയും ചെയ്തു. 1989 ൽ ലെയിപ്‌സിഗ് യൂണിവേഴ്‌സിറ്റിയിൽ നവീകരണ പ്രോഗ്രാം നടക്കുകയുണ്ടായി. അതിന്റെ ഭാഗമായി അനിതാ സ്റ്റീബ് ഭാഷാശാസ്ത്രത്തിന് പുതിയൊരു പഠനശാഖ കൊണ്ടുവരാനായി സഹായിച്ചു. ഈ സമയത്ത് പൊതുഭാഷാ ശാസ്ത്രത്തിന്റെ “മജിസ്റ്റർ സ്റ്റഡിഗാഗ്' എന്ന പേരിൽ പുതിയൊരു പാഠ്യക്രമത്തിന് കൂടി തുടക്കം കുറിച്ചു. 

നമ്മൾ ഇന്നു കാണുന്ന ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെടുന്നത് 1998 ഡിസംബർ 7നാണ്. തുടക്കത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ട് ഭാഷാവിദഗ്ധരായിരുന്നു ഉണ്ടായിരുന്നത്. പൊതുഭാഷാ ശാസ്ത്രത്തിൽ അനിതാ സ്റ്റീബും, മനശാസ്ത്ര ഭാഷാപഠനത്തിൽ തോമസ് പെഷ്‌മനും. പിന്നീട് ഭാഷാ ടൈപ്പോളജിയിൽ ബൽതാസർബിക്കലും ശബ്ദശാസ്ത്രം/ Morphology വിഭാഗത്തിൽ ജോഗൻട്രോമറും ചേർക്കപ്പെട്ടു, 


നവവൈയാകരണൻമാർ


ഭാഷ നിരന്തരം പരിണാമ വിധേയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ഈ പരിണാമങ്ങളെല്ലാം തന്നെ എല്ലായ്പ്‌പോഴും നിയമാനുസൃതമോ സാഹചര്യബദ്ധമോ ആകണമെന്നില്ല. എന്നാൽ സ്വനപരിണാമനിയ മങ്ങളെല്ലാം നിയമാനുസൃതമാണെന്നും അവയ്ക്ക് അപവാദങ്ങളില്ലെന്നും സിദ്ധാന്തിച്ചുകൊണ്ട് പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ യൂറോപ്പിലെ ഒരു വിഭാഗം ഭാഷാ പണ്ഡിതർ രംഗത്തെത്തി. 1870 കളിൽ ലെയിപ്‌സിഗ് സർവകലാശാല കേന്ദ്രീകരിച്ച് രൂപംകൊണ്ട് ഈ വാദത്തിൻ്റെ പ്രയോക്താക്കളായ ഒരു സംഘം യുവഭാഷാ വൈജ്ഞാനികരെ നവവൈയാകരണന്മാർ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇവരിൽ പ്രമുഖർ

കാൾ ബ്രഗ്മാൻ

അഗസ്ത് ലെസ്കിൻ

ഹെർമൻ ഒസ്തോഫ്

ഡെൽബ്രുക്ക്


പ്രധാന വാദഗതികൾ

1.സ്വന പരിണാമം കേവലം അനുമാനത്തിലൂടെ അല്ല മറിച്ച് ചരിത്രത്തോട് ബന്ധപ്പെടുത്തി വസ്തുനിഷ്ഠമായി മാത്രമേ വ്യാഖ്യാനിക്കാൻ പാടുള്ളൂ

2.ഒരേ ഭാഷാഭേദത്തിൽ ഒരേ സാഹചര്യത്തിൽ നിയതസ്വനത്തിന് സംഭവിക്കുന്ന മാറ്റം എല്ലായിപ്പോഴും ഒരേ തരത്തിൽ ആയിരിക്കും

3.ജീവശാസ്ത്രജ്ഞന്മാർ ജൈവിക പ്രതിഭാസങ്ങളുടെ വളർച്ചയെ പഠനവിധേയമാക്കുന്നത് പോലെ ഭാഷയെ വിശകലനം ചെയ്യണം

4.ജൈവിക പ്രതിഭാസങ്ങളെ പോലെ ഭാഷയ്ക്ക് സ്വന്തമായ ഒരു അസ്തിത്വം ഇല്ല

5.ഭാഷ സമൂഹ മനസ്സിന്റെ ഉൽപ്പന്നമായ ഒരു അമൂർത്തസത്ത മാത്രമാണ്.

6.നിരീക്ഷണ വിധേയമായ തന്മൊഴി / വ്യക്തി ഭാഷ ഇവയ്ക്ക് പ്രാധാന്യം നൽകിയുള്ള പഠനങ്ങൾ

7.കാലക്രമത്തിൽ ഭാഷയ്ക്ക് സംഭവിക്കുന്ന മാറ്റത്തിന്റെ സൂക്ഷ്മ വിശകലനത്തെ ഭാഷാ പഠനത്തിന്റെ മുഖ്യ ലക്ഷ്യമായി കണ്ടു.

8.അർത്ഥതലത്തിൽ നിന്നും വാക്യതലത്തിൽ നിന്നും സ്വതന്ത്രമായതും നിരീക്ഷണക്ഷമമായതുമായ സ്വനതലത്തിന് പരമ പ്രാധാന്യം നൽകി.

9.സ്വന പരിണാമ നിയമങ്ങളിൽ പറയപ്പെടുന്ന അപവാദങ്ങൾക്ക് സദൃശതാനിഷ്ഠമായ നിയമങ്ങളിലൂടെ സമാധാനം കണ്ടെത്താൻ ശ്രമിച്ചു.


144 views0 comments

Comentarios

Obtuvo 0 de 5 estrellas.
Aún no hay calificaciones

Agrega una calificación
bottom of page