തയ്യാറാക്കിയത്: നീന കുര്യൻ
Block 1
unit 4
പ്രാഗ് ഭാഷാ പഠനം
Q1: പ്രാഗ്ഭാഷ എന്നാൽ എന്ത് ഉപന്യസിക്കുക ?
ഭാഷയുടെ പൂർവ്വചരിത്രം അപഗ്രഥിക്കുന്നതിന് ചരിത്രലിപിക ളെയാണ് അധികവും ആശ്രയിക്കുന്നത്. ചരിത്ര ലിപികളുടെ അഭാവത്തിലും ഭാഷയുടെ പൂർവ്വ ചരിത്രം കണ്ടത്തേണ്ടതുണ്ട്. എല്ലാ ഭാഷകൾക്കും ലിപികളില്ല എന്നതുകൊണ്ട് ഉള്ളവയുടെ തന്നെ പഴയകാല രേഖകൾ നഷ്ടപ്പെട്ടു പോയതുകൊണ്ടും അതുവഴിയുള്ള
പൂർവ്വഭാഷാപഗ്രഥനം അസാധ്യമായിത്തീരുന്നു. ചരിത്ര ലിഖിതങ്ങളുടെ അഭാവത്തിൽ ചരിത്രാത്മക ഭാഷാപഠനത്തിനുള്ള ഏകആധാരം പ്രാഗ്‌ഭാഷ പഠനപദ്ധതികളാണ്. ആന്തരികവും ബാഹ്യവുമായപുനഃസൃഷ്ടികളിലൂടെയാണ് പ്രാഗ്‌ഭാഷാസ്ഥിതി അപഗ്രഥിച്ചെടുക്കുന്നത്.
പരസ്പര സാദൃശ്യം ഉൾവഹിക്കുന്ന ഭാഷകളുടെ പ്രകൃതികൾ, പ്രത്യയങ്ങൾ, പ്രകൃതി പ്രത്യയ യോഗം എന്നിവ പരിശോധിച്ച് അവ ഒരേ ഗോത്രത്തിൽ ഉൾപ്പെടുന്നതാണോ എന്ന് കണ്ടെത്താം. ഒരേ ഭാഷ തന്നെ വ്യത്യസ്തത ഭൂപ്രദേശങ്ങളിൽ സംസാരിക്കേണ്ടി വരുമ്പോൾ കാലാന്തരത്തിൽ അവ തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ വ്യത്യ സമായേക്കും. അത്തരം ഭാഷകളെയെല്ലാം ഒരേ ഗോത്രത്തിൽ ഉൾപ്പെടുത്തി, അവയ്ക്കെല്ലാം ഒരു പൊതുവായ ഒരു പ്രാഗ് രൂപം ഉണ്ടന്ന് കൽപിച്ചാൽ അതിനെയാണ് പ്രാഗ്‌ഭാഷ (Proto language) എന്നു പറയുന്നത്. പ്രാഗ്‌ഭാഷയിൽ നിന്ന് പുതുതായി ഉണ്ടായി വന്ന ഭാഷക ളെ പുത്രീഭാഷകൾ (Daughter language) എന്നു പറയുന്നു. അവ തമ്മിലുള്ള പരസ്പരബന്ധം സൂചിപ്പിക്കാൻ അവയെ സജാതഭാഷകൾ എന്നു വിവക്ഷിക്കാറുണ്ട് (Cognates). ഗ്രീക്ക്, ലാറ്റിൻ തുടങ്ങിയ ഭാഷകൾ പരിശോധിച്ച് ഭാഷാ പണ്ഡിതർ
(proto-Indo-European language) സങ്കല്പത്തിൽ എത്തിച്ചേർന്നത് ഈ രീതി ഫലപ്രദമായി ആവിഷ്‌ക രിച്ചതിന്റെ തെളിവാണ്.
Q2:ഇന്ത്യ ഒരു ഭാഷാക്ഷേത്രമാണെന്ന് പറയാനായി കെ എം പ്രഭാകര വാരിയർ നിരത്തുന്ന വാദമുഖങ്ങൾ അവതരിപ്പിക്കുക
ഡോക്ടർ കെ എം പ്രഭാകര വാരിയർ ഭാഷാശാസ്ത്രവിവേകം എന്ന പുസ്തകം രചിച്ചു. അതിൽ ഭാരതത്തെ ഒരു ഭാഷാക്ഷേത്രമായി പരിഗണിക്കുന്നതിനുള്ള കാരണങ്ങൾ ഇപ്രകാരം ക്രോഡീകരിച്ചിരിക്കുന്നു
1. പ്രതിവേഷ്ടിതങ്ങളായ മൂർദ്ധന്യ വ്യഞ്ജനങ്ങൾ (ടവർഗം) ഇന്ത്യയിൽ മിക്ക ഭാഷകളിലും കാണുന്നുണ്ട്. ഇൻഡോ യൂറോപ്യൻ ഗോത്രത്തിൽ ഈ വ്യഞ്ജനങ്ങൾ ഇല്ല. സമാനമായി ദന്ത്യമോ വർത്സ്യമോ അവയിലുണ്ട്. അഷ്ട (സംസ്കൃതം), ഒക്കോ (ലാറ്റിൻ), ഏയ്റ്റ് (ഇംഗ്ലീ ഷ്) ഇൻഡോ-യൂറോപ്യൻ ഗോത്രത്തിൻ്റെ ഉപശാഖയായ ഇൻഡോ- ആര്യനിൽ മൂർധന്യങ്ങൾ സ്വനിമങ്ങളാണ്.
2. നാമങ്ങളുടെ ഏകവചന-ബഹുവചന രൂപങ്ങളിൽ ഒരേ വിഭക്തി പ്രത്യയം ചേർക്കുന്നരീതി ദ്രാവിഡഭാഷകളുടെ പൊതുസ്വഭാവമാണ്. ഇൻഡോ-യൂറോപ്യൻ ഭാഷകളിൽ ഈ സ്വഭാവമില്ല. എന്നാൽ ആധു നിക ഇൻഡോ-ആര്യൻ ഭാഷകളിൽ ഈ സ്വഭാവം കാണുന്നു: ഹിന്ദി -ബാലക് ക (ഏ.വ) ബാലകോം ക (ബ. വ)
3. പേരെച്ച-വിനയെച്ച പ്രയോഗങ്ങൾ ദ്രാവിഡ ഗോത്രത്തിലെ തനതു സ്വഭാവങ്ങളിലൊന്നാണ്. വായിച്ച പുസ്‌തകം, ചെന്നുകണ്ടു എന്നീ ഘടനകൾ ഇൻഡോ-യൂറോപ്യൻ ഭാഷകളിൽ ഇല്ല. എന്നാൽ ഇത്തരം ഘടനകൾ പരിമിതമായ തോതിലാണെങ്കിൽ കൂടി സംസ്കൃതത്തിലേക്കും ആധുനിക ഇൻഡോ-ആര്യൻ ഭാഷകളിൽ ചിലതിലേക്കും വ്യാപിച്ചിട്ടുണ്ട്.
4. സംസ്കൃതത്തിലെ അപി-യുടെ പ്രയോഗരീതികൾക്ക് ദ്രാവിഡ ത്തിലെ ഉം എന്ന പ്രത്യയത്തിൻ്റെ പ്രയോഗങ്ങളുമായി സാമ്യം കാ ണുന്നു. ഇൻഡോ യൂറോപ്യൻ ഗോത്രത്തിന് അപരിചിതമായ ഈ പ്രയോഗങ്ങൾ ദ്രാവിഡ ഭാഷകളിൽ നിന്ന് സംക്രമിച്ചതായിരിക്കാം. ഉദാ, ഗന്തും അപി(പോകാനും)
5. മാങ്ങ ഒരെണ്ണം, കുട്ടികൾ രണ്ടുപേർ തുടങ്ങിയ വിഭാജകപ്രയോഗങ്ങൾ (Classifier) പണം-കിണം, പുലി-കിലി തുടങ്ങിയ പ്രതിധ്വനി പദ ( Echo word) ങ്ങൾ എന്നിവയും ഭാരതീയ ഭാഷകളിലെ പൊതു സ്വഭാവമാണ് .
Q3:ഭാഷയുടെ പൂർവരൂപം കണ്ടെത്താനുള്ള ഉപാധികളായ ആന്തരിക പുനസൃഷ്ടി ബാഹ്യപുന സൃഷ്ടി എന്നിവയെക്കുറിച്ച് ഉപന്യസിക്കുക
ഭാഷകളുടെ താരതമ്യം അവയുടെ പൂർവ്വരൂപം എങ്ങനെയായിരി ന്നുവെന്ന് മാത്രമല്ല, അവ തമ്മിലുള്ള വ്യതാസം എത്രത്തോളമുണ്ട് എന്നും കാണിച്ചു തരുന്നു. ഭാഷയുടെ ഏറ്റവും ശക്തിയേറിയ മാർഗമാണ് ബാഹ്യപുനഃസൃഷ്ടി. തുലനാത്മക ഭാഷാശാസ്ത്രമെന്ന് അറിയ പ്പെടുന്നത് ഈ പദ്ധതി തന്നെയാണ്. ഇന്നു ലോകത്തിൽ കാണുന്ന മിക്കവാറും ഭാഷകളെല്ലാം പരിണാമത്തിൻ്റെയും വിഭജനത്തിന്റെയും ഫലമായി രൂപപ്പെട്ടവയാണെന്നും അവയ്ക്ക് എല്ലാം പൊതുവായ അടിസ്ഥാനം സാധ്യമാണെന്നും ഈ അപഗ്രഥനംവഴി കണ്ടെത്താനാകും. ഭാഷകളുടെ ജൈവബന്ധം നിർണ്ണയിക്കുക, ജൈവബന്ധമുള്ള ഭാഷകളുടെ പൂർവ്വരൂപത്തിലെത്തിച്ചേരുക, ബന്ധത്തിന്റെ ഏറ്റക്കുറച്ചി ലുകൾ നിർണയിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ രീതിശാസ്ത്രം.
ജൈവബന്ധമുണ്ടെന്ന് സംശയിക്കുന്നതോ അല്ലാത്തതോ ആയ ഭാഷകളെ ബാഹ്യപുനർനിർമ്മാണത്തിന് വിധേയമാക്കാം. ജൈവ ബന്ധം കണ്ടുപിടിക്കപ്പെട്ടു കഴിഞ്ഞാൽ അതിൽനിന്ന് പ്രാഗ് ഭാഷ, ജൈവബന്ധത്തിന്റെ തനത് എന്നിവ കണ്ടെത്താനാകും. ഇതിനായി ഭാഷയുടെയോ ഭാഷാഭേദത്തിന്റെയോ ഉച്ചാരണത്തിലും അർത്ഥത്തിലും സാമ്യമുള്ള പദങ്ങളുടെ പട്ടിക തയ്യാറാക്കുന്നു. അർത്ഥ ഉച്ചാരണ സാമ്യങ്ങൾ ഭാഗികമായാലും വിരോധമില്ല. കാരണം ഒരേ പദത്തിന് തന്നെ കാലാന്തരത്തിലും അർത്ഥ-ഉച്ചാരണ വ്യതിയാനങ്ങൾ സംഭവിക്കാവുന്നതാണ്. ഈ സാമ്യം യാദൃശ്ചികമോ സംക്രമണഫലമോ, പൈതൃകമായി ലഭിച്ചതോ ആകാം. ഒരു പൊതുഭാഷയിൽനിന്നും വ്യത്യസ്ത ഭാഷകൾക്ക് പൈതൃകമായി ലഭിച്ചതാണ് പ്രസ്‌തുത പദങ്ങളെങ്കിൽ മാത്രമേ താരതമ്യത്തിന് പ്രസക്തിയുള്ളൂ.
പ്രാഗ്ഭാഷയുടെ അവശിഷ്ടങ്ങൾ സജാതഭാഷയിൽ കണ്ടെത്താനാവും. അവ പദങ്ങൾ ആണെങ്കിൽ സജാതപദങ്ങൾ (Cognate Words) എന്ന് വിവക്ഷിക്കുന്നു. സംക്രമണത്താലും യാദൃശ്ചികത്താലും കടന്നു വരുന്ന പദങ്ങൾ സജാതപദത്തിൽ നിന്ന് വേർതിരിച്ച് വർഗീകരിക്കേണ്ടതുണ്ട്. കാരണം ഇവ താരതമ്യ പദ്ധതിയുടെ അടിസ്ഥാന പ്രമാണങ്ങളാണ്. മലയാളം, സംസ്കൃതം എന്നീ ഭാഷകളിൽ സ്വതന്ത്രപദസാമ്യം അനവധിയാണെങ്കിലും വ്യാകരണതലത്തിൽ അതായത് ആശ്രിതരൂപിമങ്ങളുടെ വിന്യസനത്തിൽ യാതൊരു സാമ്യവുമില്ലാതെ നിലകൊള്ളുന്നത് ഇതിനുദാഹരണമാണ്. രൂപാർത്ഥ സാമ്യമുള്ള പദങ്ങളുടെ ആധിക്യത്താൽ വ്യാകരണതലസാമ്യമാണ് ഭാഷകളുടെ ജൈവബന്ധം കണ്ടെത്തുവാനുള്ള സമർത്ഥമായ ഉപാധി.
ഇപ്രകാരം കണ്ടെത്തിയ സജാതപദസഞ്ചയത്തിൽനിന്നും സ്വന തുലനപ്പട്ടിക തയ്യാറാക്കുന്നു. ഇതിലെ സ്വനങ്ങൾ ഒന്നു തന്നെയാ ണെങ്കിൽ സജാത ഭാഷകളിൽ കാണുന്ന സ്വനം തന്നെയായിരിക്കണം പ്രാഗ്‌ഭാഷയിലുമെന്ന് നിസ്സംശയം കണ്ടെത്താം. എന്നാൽ വിദൂരമായ സാമ്യമേ ദൃശ്യമാകുന്നുള്ളൂ എങ്കിൽ ഇത്തരത്തിലുള്ള സ്വനനിർണയം അസാധ്യമാകുന്നു. അപ്പോൾ സ്വനിമ സിദ്ധാന്തത്തിലെ അടിസ്ഥാന തത്ത്വങ്ങളായ വ്യത്യയം, പൂരകവിതരണം എന്നിവയുടെ അടിസ്ഥാന ത്തിലാണ് പ്രാഗ്‌ഭാഷ പുനർ നിർമ്മാണം നടക്കുന്നത്.
പ്രാഗ് രൂപത്തിൻ്റെ പുനർനിർമ്മാണത്തിന് ശേഷം പ്രാഗ്‌ഭാഷയുടെ സ്വനിമങ്ങളുടെ വിതരണക്രമം, സന്ധിനിയമങ്ങൾ, രൂപിമങ്ങൾ എന്നിവയെപ്പറ്റിയും പ്രാഗ്‌ഭാഷ സംസാരിച്ചിരുന്നവരെപ്പറ്റിയും
അവരുടെ സംസാരത്തെപ്പറ്റിയും മനസ്സിലാക്കാം. പ്രാഗ്‌ഭാഷകളിൽ നിന്ന് സജാത ഭാഷകളിലേക്കുള്ള പരിണാമ സ്വഭാവം, പരിണാമപ്രക്രിയ യിൽ ഇടനിലകൾ വഹിച്ച സ്ഥാനം എന്നിങ്ങനെ പ്രാഗ്‌ഭാഷയെ പരി പൂർണമായി അനാവൃതമാക്കാൻ ഈ പദ്ധതി സഹായിക്കുന്നു.
ആന്തരിക പുന:സൃഷ്ടി (Internal Reconstruction)
ഒരു ഭാഷയുടെ വളർച്ചയിലുള്ള ഒരു പ്രത്യേക ദശയിൽ മാത്രമാണ് ആന്തരിക പുനഃസൃഷ്ടി ഉപയോഗിച്ച് പ്രാഗ് ഭാഷാ പുനർനിർമ്മാണം സാധ്യമാക്കുന്നത്. ഭാഷയുടെ ഒരു പ്രത്യേക കാലഘട്ടത്തിലെ സന്ധി നിയമങ്ങൾ, ഉപസ്വനങ്ങൾ എന്നിവ പരിശോധിച്ച് ഭാഷയുടെ പൂർവകാല രൂപം കണ്ടെത്തുന്നു. ഒരു കാലഘട്ടത്തിൽ പരിണാമത്തി നായി ഭാഷയുടെ ഘടനയിൽ വരുന്ന വ്യതിയാനങ്ങളുടെ രേഖകൾ അവശേഷിക്കുന്നുവെന്നും ആ രേഖകളിൽനിന്നും സംഭവിച്ച പരി ണാമത്തെക്കുറിച്ചുള്ള ചിത്രം വിലയിരുത്താമെന്നതുമാണ് ആന്തരിക പുനർനിർമ്മാണത്തിൻ്റെ അടിസ്ഥാനം. എന്നാൽ ആന്തരിക പുനർനിർമ്മാണമനുസരിച്ച് സ്വനപരിണാമം മാത്രമേ കണ്ടുപിടിക്കാൻ സാധ്യ മായിട്ടുള്ളൂ. മറ്റു പരിണാമങ്ങളുടെ കാര്യത്തിൽ ഈ രീതി വേണ്ടത്ര വിജയിച്ചിട്ടില്ല.
പ്രധാനമായും രണ്ടുതരത്തിലാണ് സ്വനപരിണാമം സംഭവിക്കു ന്നത്.
(1) വിബന്ധം
(2)ഏകീകരണം.
ഇപ്രകാരം സംഭവിക്കുന്ന സ്വനപരിണാമം ഭാഷാഘടനയിൽ സന്ധിനിയമങ്ങളായി അവശേഷി ക്കുന്നു. പിൽക്കാലത്തെ സന്ധിനിയമങ്ങൾ മുൻകാലത്തുണ്ടായ സ്വനപരിണാമങ്ങളുടെ ഫലമാണെന്നർത്ഥം. അതായത് സന്ധിനിയ മങ്ങളിൽനിന്നും സ്വനപരിണാമങ്ങൾ കണ്ടുപിടിക്കണമെന്നർത്ഥം. എന്നാൽ സ്വനപരിണാമം ഏകതയില്ലാത്തത് (Unique) കൊണ്ട് പരിപൂർണമായ പുനർനിർമ്മാണം പലപ്പോഴും അസാധ്യമായിത്തീരുന്നു.
മലയാളത്തിലെ 'അവൾ' എന്ന നിർദേശികക്ക് സമാനമായ പദം തമിഴിൽ 'അവ' എന്നാണ്. പ്രതിഗ്രാഹിക വിഭക്തി പ്രത്യയം ചേർ ക്കേണ്ടി വരുമ്പോൾ അവളെ എന്ന രൂപമാണ് രണ്ടുഭാഷയിലും, ഇതുപോലെ തന്നെ 'മകൾ' എന്ന പദവും നോക്കാം. 'മക' എന്നു തമിഴിലും 'മകൾ' എന്നു മലയാളത്തിലും വിവക്ഷിക്കുന്ന ഈ പദത്തോട് പ്രതിഗ്രാഹിക വിഭക്തിപ്രത്യയം ചേരുമ്പോൾ രണ്ടു ഭാഷകളിലും 'മകളെ' എന്നുതന്നെയാണ് ഉപയോഗിക്കാറ്. അപ്പോൾ യഥാർത്ഥത്തിൽ വിഭക്തി പ്രത്യയമൊന്നും ചേരാത്തപ്പോൾ മാത്രമാണ് 'ൾ' എന്ന രൂപം നഷ്ടമായതായി കാണുന്നത്. അതിനാൽ പദാന്ത്യത്തിൽ മറ്റൊരു പ്രത്യയം ചേരാനില്ലാത്തപ്പോൾ മാത്രമാണ് 'ൾ'എന്ന പ്രത്യയം നഷ്ടമാകുന്നതെന്ന് തെളിയുന്നു. ചുരുക്കത്തിൽ പ്രാചീനതമിഴിൽ പദാന്ത്യത്തിൽ 'ൾ' ഉണ്ടായിരുന്നു. കാലക്രമേണ സ്വനപരിണാമം മൂലം ആധുനിക തമിഴിൽ അപ്രത്യക്ഷമായതാ ണെന്നും തെളിയുന്നു. എങ്കിലും പ്രത്യയം ചേരുമ്പോൾ നഷ്ടമായി എന്നു കരുതിയ 'ൾ' ആധുനിക തമിഴിലും പ്രത്യക്ഷപ്പെടുന്നതു കൊണ്ട് 'ൾ' പിൽക്കാലത്ത് ഭാഷയുടെ വളർച്ചയിലെ ഏതോ ദശാ സന്ധിയിൽ വച്ച് നഷ്ടപ്പെട്ടുപോയതാണെന്ന് വ്യക്തമാകുന്നു.
തമിഴിൽ 'ഴ','ള' എന്നീ വ്യതിയാനങ്ങൾ ഏകീകരിക്കപ്പെട്ടിരിക്കു ന്നു. എഴുത്തിൽ 'ഴ', 'ള' എന്നീ രണ്ട് രൂപം ഉണ്ടെങ്കിലും ഉച്ചാരണ ത്തിൽ 'ള' കാരം മാത്രമാണ് കാണുന്നത്. അതായത് പൂർണ്ണമായ ഏകീകരണം ഭാഷാഘടനയിൽ നടന്നതിനാൽ കണ്ടുപിടിക്കത്തക്ക പ്രത്യേകതകൾ സ്വനപരിണാമം സൃഷ്ടിക്കുന്നില്ലെന്നർത്ഥം. പൂർണ മായ ഏകീകരണം നടന്നാൽ ആന്തരിക പുനർനിർമ്മാണം അസാധ്യമാണ്.
Q: 4:ദ്രാവിഡ ഭാഷാ ഗോത്രം എന്ന സങ്കല്പത്തെക്കുറിച്ച് വിവരിക്കുക
ദക്ഷിണേന്ത്യയിലെ നർമ്മദ, ഗോദാവരി നദീതടങ്ങൾ മുതൽ കന്യാകുമാരി വരെയും ഉത്തരലങ്ക, ലക്ഷദ്വീപ് എന്നിവിടങ്ങളിലും പ്രചരിച്ചിരുന്ന ഭാഷകളാണ് പ്രധാനമായും ഈ ഭാഷാ കുടുംബ ത്തിലുള്ളത്. ദ്രാവിഡ ഭാഷകളുടെ സമാനതകളെപ്പറ്റി ആദ്യം പരാ മർശിക്കുന്നത് F. W. Ellis എന്ന പാശ്ചാത്യനാണ്. South Indian Language എന്ന പദമാണദ്ദേഹം തമിഴ്, തെലുങ്ക്, കന്നട, മലയാളം, തുളു എന്നീ ഭാഷകളുടെ കുടുംബനാമമാക്കിയത്. ഡോ. റോബർട്ട് കാൽഡ്വലാണ് 'ദ്രാവിഡ ഭാഷാഗോത്രം' എന്ന പേര് നിർദ്ദേശിച്ച . 'A comparative Grammar of the Dravidian or South-Indian family of languages' (1856) നെപ്പറ്റി വിശദമാക്കിയത്. അതിനുമുമ്പ് 'തമൂലിയൻ' എന്നാണ് ഈ ഭാഷാകുടുംബം അറിയപ്പെട്ടിരുന്നത്.
ഏകദേശം 73 ഭാഷകൾ ഈ കുടുംബത്തിൽ ഉൾപ്പെടുന്നു. പൂർ വ്വമദ്ധ്യേന്ത്യ, പാക്കിസ്‌താൻ, നേപ്പാൾ, ബംഗ്ലാദേശ്, അഫ്ഗാനി സ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽ ഈ കുടുംബത്തിൽപ്പെട്ട ഭാഷകൾ പ്രചാരത്തിലുണ്ട്. ഇതിൽ ചില ഭാഷകൾക്ക് തമ്മിൽ കൂടുതൽ അടുപ്പവും മറ്റു ചില ഭാഷകൾക്ക് തമ്മിൽ അകൽച്ചയും കാണാറുണ്ട്
തമിഴും മലയാളവും തമ്മിൽ പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്നു. ഒരു തമിഴൻ പറയുന്നത് ഒരു മലയാളിക്കും ഒരു മലയാളി പറയുന്ന ത് ഒരു തമിഴനും വലിയ പ്രയാസം കൂടാതെ മനസ്സിലാക്കാൻ
സാധിക്കും. കർണാടകത്തിന് തെലുങ്കിനോടുള്ളതിനേക്കാൾ കൂടുതൽ ബന്ധം തമിഴിനോടാണുള്ളത്.
Q5:ഇന്ത്യയെ ഒരു ഭാഷാ ക്ഷേത്രമായി പരിഗണിക്കണമെന്ന അഭിപ്രായത്തിന്റെ അടിസ്ഥാനം എന്ത് ?
ഇന്ത്യ എന്ന നമ്മുടെ രാജ്യത്തിന് മറ്റു രാജ്യങ്ങളിൽനിന്നും വ്യത്യസ്‌തമായ ഒരു പൈതൃകവും സംസ്‌കാരവും നാം അവകാശപ്പെടാറുണ്ട്. വൈവിധ്യമാർന്ന സംസ്‌കാരങ്ങളും അതിൽ കൂടുതൽ ഭാഷകളും പ്രചാരത്തിലുള്ള ഒരു ഭൂപ്രദേശമാണിത്. 2001 ലെ സെൻസസ് അനു സരിച്ച് 22 പ്രധാനപ്പെട്ട ഭാഷകളും 1599 മറ്റ് ഭാഷകളും ഇന്ത്യയിലുണ്ട്. ഇവ വിവിധ ഭാഷാഗോത്രങ്ങളിൽ ഉൾപ്പെടുന്നവയുമാണ്. ഇത്രയേറെ ഭാഷാ വൈവിധ്യങ്ങൾ ഉണ്ടായിട്ടുകൂടി നമ്മുടെ രാജ്യത്തിന്റെ സാമൂ ഹിക-സാംസ്‌കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുവാൻ ഇവിടുത്തെ ജനതയ്ക്ക് സാധിച്ചു. അതിൻ്റെ അടയാളപ്പെടുത്തലുകൾ ഓരോ ഭാഷ കളിലും ദൃശ്യമാണ്. തന്മൂലമാണ് ഇന്ത്യയെ ഒരു ഭാഷാക്ഷേത്രമായി കണക്കാക്കുന്നത് എന്ന് നിസ്സംശയം പറയാനാകും.
Q6:ദ്രാവിഡ ഭാഷകളുടെ ഘടനാപരമായ പ്രത്യേകതകൾ വിവരിക്കുക
1. പ്രതിവേഷ്ടിതങ്ങളായ മൂർദ്ധന്യ വ്യഞ്ജനങ്ങൾ (ടവർഗം) ഇന്ത്യയിൽ മിക്ക ഭാഷകളിലും കാണുന്നുണ്ട്.
2. നാമങ്ങളുടെ ഏകവചന-ബഹുവചന രൂപങ്ങളിൽ ഒരേ വിഭക്തി പ്രത്യയം ചേർക്കുന്നരീതി ദ്രാവിഡഭാഷകളുടെ പൊതുസ്വഭാവമാണ്.
3. പേരെച്ച-വിനയെച്ച പ്രയോഗങ്ങൾ ദ്രാവിഡ ഗോത്രത്തിലെ തനതു സ്വഭാവങ്ങളിലൊന്നാണ്. വായിച്ച പുസ്‌തകം, ചെന്നുകണ്ടു എന്നീ പ്രയോഗങ്ങൾ .
4. സംസ്കൃതത്തിലെ അപി-യുടെ പ്രയോഗരീതികൾക്ക് ദ്രാവിഡ ത്തിലെ ഉം എന്ന പ്രത്യയത്തിൻ്റെ പ്രയോഗങ്ങളുമായി സാമ്യം കാ ണുന്നു.
5. മാങ്ങ ഒരെണ്ണം, കുട്ടികൾ രണ്ടുപേർ തുടങ്ങിയ വിഭാജകപ്രയോഗങ്ങൾ (Classifier) പണം-കിണം, പുലി-കിലി തുടങ്ങിയ പ്രതിധ്വനി പദ ( Echo word) ങ്ങൾ എന്നിവയും ഭാരതീയ ഭാഷകളിലെ പൊതു സ്വഭാവമാണ് .
Q: 7ദ്രാവിഡ ഭാഷാ കുടുംബത്തിൽ മലയാളത്തിന്റെ നിലയും മറ്റു ഭാഷകളുമായുള്ള ബന്ധവും വിലയിരുത്തുക
നാട് എന്നർത്ഥമുള്ള 'ആളം' എന്ന വാക്ക് "മല' എന്നതിനോട് ചേർന്നാണ് മലയാളം എന്ന പദം ഉണ്ടായത് എന്നു കരുതാം. മലയോട് ചേർന്ന്കിടക്കുന്ന പ്രദേശം എന്ന അർത്ഥത്തിൽ ഉൽഭവിച്ച മലയാളം എന്ന ശബ്ദം കാലക്രമത്തിൽ ഭാഷയുടെ പേരായി പരിണമിച്ചു. മലയാഴ്മ, മലയാൺമ എന്നീ പേരുകൾ മലയാളത്തെ കുറിക്കുന്നപദങ്ങളായി പ്രയോഗിച്ചിരിക്കുന്നു. മലയാളം എന്ന പദം ആദ്യകാലത്ത് ദേശത്തെക്കുറിക്കുന്നതായിരുന്നു. പിൽക്കാലത്താണ് ഭാഷയ് ക്ക് മലയാളമെന്ന പേരുവന്നത്.
പതിനാലാം ശതകത്തിൽ രചിച്ച 'ലീലാതിലകത്തിൽ മലയാ ഉത്തെ കുറിക്കുന്നതിന് ഭാഷ, തമിഴ്, കേരള ഭാഷ എന്നീ പദങ്ങൾ പ്രയോഗിച്ചിരിക്കുന്നു.
ലീലാതിലകത്തിൽ 'തമിഴ്' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മലയാളത്തെയാണ്. മലയാളത്തിന് തമിഴുമായി ബന്ധമുണ്ട് എന്നതിനെ ആധാരമാക്കി മലയാളം 'തമിഴിൻ്റെ ഒരു ഉപഭാഷ'യാണെന്ന് കാൽഡ്വൽ അഭിപ്രായപ്പെടുന്നു. ദ്രാവിഡ ഭാഷയിലെ ഒരു സ്വതന്ത്ര അംഗം എന്നതിനേക്കാൾ 'തമിഴിൻ്റെ ഒരു ഉപ ഭാഷയായി മലയാളത്തെ കണക്കാക്കാമെന്ന് 'ദ്രാവിഡഭാഷകളുടെ താരതമ്യാത്മക വ്യാകരണം' എന്ന കൃതിയിൽ കാൽഡ്വൽ സിദ്ധാന്തിക്കുന്നു.
കേരളകൗമുദി' എന്ന ഗ്രന്ഥത്തിൻ്റെ മംഗളശ്ലോകത്തിൽ കോവു ണ്ണി നെടുങ്ങാടി ഇപ്രകാരം പറയുന്നു
സംസ്കൃതമാകുന്ന ഹിമവാനിൽ നിന്ന് ഉത്ഭവിച്ച് ദ്രാവിഡമാ കുന്ന കാളിന്ദീ നദിയോട് ചേർന്നിരിക്കുന്ന കേരള ഭാഷയായ ഗംഗ എൻ്റെ ഹൃദയമാകുന്ന സമുദ്രത്തിൽ നിരന്തരം പ്രവഹിച്ച് വിളയാടണം എന്നാണ് ഇതുകൊണ്ട് ഉദ്ദേശിച്ചത്. സംസ്കൃതത്തിന്റെയും തമിഴിന്റെയും കലർപ്പിൽനിന്ന് മലയാളഭാഷ ഉത്ഭവിച്ചതായി അദ്ദേഹം അനുമാനിക്കുന്നു. മലയാളഭാഷയുടെ പിതൃസ്ഥാനം സംസ്‌തത്തിലും മാതൃസ്ഥാനം തമിഴിനും കോവുണ്ണി നൽകി. ഇപ്രകാര മൊരു
ജനക -ജനനി സിദ്ധാന്തം ശാസ്ത്രസമ്മതിക്ക് നിരക്കുന്നതല്ല. സംസ്കൃതവും മലയാളവും രണ്ട് ഗോത്രത്തിൽപ്പെട്ട ഭാഷകളാണ്.
വടക്ക് കാസർഗോഡ് മുതൽ തെക്ക് തിരുവനന്തപുരത്തിന് 65 കി. മീ ദൂരത്തിലുള്ള തക്കല വരെയുമാണ് മുഖ്യമായും മലയാളഭാഷ
വ്യവഹാരത്തിലിരിക്കുന്നത്. മലയാളം വയനാടൻ പ്രദേശങ്ങളിൽ കൂർ ഗിനോടും കിഴക്ക് കർണാടകത്തിനോടും സമീപിക്കുന്നു. തിരുവിതാംകൂറിന്റെ തെക്കേ അറ്റത്ത് ഭൂരിപക്ഷം ജനങ്ങളും സംസാരിക്കുന്നത് തമിഴ് ആയതിനാൽ മലയാളത്തിൻ്റെ ഭാഷാപരമായ തെക്കേ അതിര് തമിഴാണെന്നുവേണം കരുതാൻ. ലക്ഷദ്വീപിലെ നാടോടി ഭാഷ 'മല യാളമാണ്.' കോഴിക്കോട്, കണ്ണൂർ മുതലായ സ്ഥലങ്ങളിൽ നിന്ന്
വളരെക്കാലം മുൻപ് കുടിയേറിപ്പാർത്ത ജനങ്ങളുടെ വ്യവഹാരഭാഷയാണ് ലക്ഷദ്വീപിൽ പ്രചാരത്തിലുള്ളത്.
08:ദ്രാവിഡ ഭാഷാശാസ്ത്രം കാഡ്വലിന് ശേഷം കൈവരിച്ച പുരോഗതികളെ കുറിച്ച് വിവരിക്കുക
ദ്രാവിഡ ഭാഷാ താരതമ്യ പഠനത്തിന്റെ പിതാവ്' എന്ന് വിശേഷിപ്പിക്കുന്ന ബിഷപ്പ് റോബർട്ട് കാൾഡ്വൽ ഭാഷാശാസ്ത്രത്തിന് നൽകിയ സംഭാവനകളെ സ്‌മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കാല ത്തിനുശേഷം ഈ രംഗത്ത് സംഭവിച്ച വികസനങ്ങളെ പറ്റി അപഗ്ര ഥിക്കുകയാണ് ഈ പഠനത്തിൽ
മൂന്നുതരത്തിലാണ് ഭാഷാപഗ്രഥന രീതികളെ എസ്. കെ. നായർ അവതരിപ്പിക്കുന്നത്. സമകാലിക (Synchronic) പഠനം, ആഗമിക (Diachronic) പഠനം, തുലനാത്മക പഠനം എന്നിവയാണവ. ഇതിൽ ആഗമിക പഠനത്തിന് ഊന്നൽ നൽകിക്കൊണ്ട് അതിൻ്റെ ചരിത്രം അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരൻ തുടർന്ന് ചെയ്യുന്നത്. പ്രാചീന ഗ്രീസിൽ നിന്നുള്ള ഭാഷാപഠന ശ്രമങ്ങളിലാണ് ഇത്തരം സമീപന ങ്ങളുടെ പ്രാരംഭം അദ്ദേഹം കാണുന്നത്. തുടർന്ന് ലത്തീൻ വ്യാക രണങ്ങളും യൂറോപ്യൻ നവോത്ഥാന ഫലമായുണ്ടായ ചിന്തകളുടെ യും പശ്ചാത്തലത്തിൽ ഭാഷശാസ്ത്രം ഉടലെടുത്തു.
പ്രാചീന യൂറോപ്യൻ ഭാഷാപഠന ശ്രമങ്ങളെപ്പറ്റി പ്രതിപാദിച്ചശേഷം ഭാരതീയ ഭാഷാ പ്രവർത്തനങ്ങളെ അപഗ്രഥിക്കുന്നു. പുരാതന കാലം മുതൽ ഉണ്ടായിരുന്ന ഭാഷാചിന്തകളെപ്പറ്റിയും ആര്യാധിനി വേശത്തോടെ അതിനുണ്ടായ പരിണാമത്തെപ്പറ്റിയും സവിസ്തരം പറഞ്ഞിരിക്കുന്നു. സംസ്‌കൃതത്തിൻ്റെ സ്വാധീനം ഭാഷാപഠനത്തിൽ എപ്രകാരമാണെന്നും മിഷണറിമാരുടെ കടന്നുവരവോടെ യൂറോപ്യൻ ഭാഷകൾക്ക് സംസ്‌കൃത ഭാഷയുമായി ഉണ്ടായിരുന്ന ജൈവ ബന്ധം കണ്ടെത്തുകയും ചെയ്തു.
1810 കളിൽ റാസ്മസ് റാസ്‌ക്, ഫ്രാൻസ് ബോപ്പ് തുടങ്ങിയവരുടെ നിരീക്ഷണഫലമായി താരതമ്യ ഭാഷാ പഠനം എന്നൊരു ശാഖ തന്നെ രൂപപ്പെട്ടു. ഇന്തോ-യൂറോപ്യൻ ഭാഷകളെ സംബന്ധിച്ച ഇവരുടെ കണ്ടെത്തലുകളിൽ നിന്നും ഊർജ്ജം കൊണ്ട് ജേക്കബ് ഗ്രിം ജെർമാനിക് ഭാഷയും മറ്റ് ഇൻഡോ-യൂറോപ്യൻ ഭാഷകളും തമ്മിലുള്ള ബന്ധത്തെ മുൻനിർത്തി ഗ്രിം നിയമം (Grimm's law) രൂപപ്പെടുത്തി. പിന്നീട് വന്ന നവവൈയാകരണരുടെ പ്രവർത്തനങ്ങളും അതിനുശേഷമുണ്ടായ മാറ്റങ്ങളെയും പറ്റി ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നു. സ്വന പരിണാമത്തെപ്പറ്റി അവർ മുന്നോട്ടുവച്ച സിദ്ധാന്ത ത്തെയും അതിന്റെ അനന്തര വ്യാപ്‌തിയെപ്പറ്റിയും പ്രതിപാദിക്കുന്നു. ഭാഷാപരിണാമെന്നത് ഒരു ചരിത്ര വസ്‌തുത ആണെന്നും സ്വനപരി ണാമമാണ് ഭാഷയുടെ മറ്റെല്ലാ തലത്തിലുമുള്ള പരിണാമത്തിനും ഹേതൂ എന്നും ലേഖനത്തിൽ പ്രസ്‌താവിക്കുന്നു. ഈ നിരീക്ഷണത്തെ സാധൂകരിക്കാനായി ചില ഉദാഹരണങ്ങളും അവതരിപ്പിച്ചിരിക്കുന്നു.
പ്രാദേശിക ഭാഷയുടെ പ്രചാരത്തിനനുസൃതമായി അവയ്ക്ക് സങ്കൽപ്പികമായ അതിർത്തി നിർണയിച്ച് രേഖപ്പെടുത്തുന്ന ഭാഷാഭേദ ഭൂപടം എന്ന ആശയത്തെയാണ് അടുത്തതായി ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നത്. ഭാഷാഭൂമിശാസ്ത്രം എന്ന ഭാഗത്തിൽ ഈ ആശയത്തെ മുൻനിർത്തിയുള്ള നിരീക്ഷണങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരേ ഉച്ചാരണമുള്ള പ്രദേശങ്ങളെ ബന്ധിപ്പിച്ച് വരയ്ക്കുന്ന സാങ്കൽപ്പിക രേഖയെയാണ് സമഭാഷാംശസീമാരേഖ എന്നതുകൊണ്ട് സൂചിപ്പിച്ചിരിക്കുന്നത്. ഉച്ചാരണ വ്യത്യാസം പല കാരണങ്ങൾകൊണ്ടും സംഭവിക്കാറുണ്ട്. ഉച്ചാരണാവയവങ്ങളുടെ ഉപയോഗം, പ്രയത്നലാഘവം തുടങ്ങിയ ശാരീരികവും മാനസികവും സാംസ്‌കാരികവുമായ വ്യത്യാസങ്ങൾ ഈ മാറ്റത്തെ സ്വാധീനിക്കുന്നുണ്ട്.
നവവൈയാകരണന്മാർ ഭാഷാപരിണാമത്തെ കുടുംബവൃക്ഷ സങ്കൽപവുമായി സംയോജിപ്പിച്ചപ്പോൾ അതിനെ വിമർശിച്ച് ഭാഷാ ശാസ്ത്രകാരന്മാർ മുന്നോട്ടുവച്ച സിദ്ധാന്തമാണ് തരംഗ സിദ്ധാന്തം അഥവാ Wave theory. ഇത് പ്രകാരം ഓരോ പദത്തിനും പ്രത്യേകം ചരിത്രമുണ്ടെന്നും അവയുടെ ഭാഷാപരമായ പ്രത്യേകതകൾ ഒരു
മൂലകേന്ദ്രത്തിൽ നിന്നും തരംഗ രൂപത്തിൽ വ്യാപിക്കുന്നു എന്നും
വിശ്വസിക്കുന്നു. ഇതിന് അനുബന്ധമായി പിൽക്കാലത്തുണ്ടായ വ്യത്യസ്‌ത വീക്ഷണങ്ങളെ അപഗ്രഥിച്ച ശേഷം അവയെ ക്രോഡീകരിച്ച് ഒരു സമന്വിതാശയമായി അവതരിപ്പിക്കുകയാണ്.
കാൽഡ്വലിനു ശേഷം ആഗമിക-തുലനാത്മക പഠനങ്ങൾക്ക് സം ഭവിച്ച പരിണാമത്തെ ദ്രാവിഡഭാഷകളെ മുൻനിർത്തി വിശകലനം ചെയ്യുകയാണ് പിന്നീട് ഗ്രന്ഥകാരൻ ചെയ്യുന്നത്. ഇവിടെ ഭാഷാകു ടുംബം എന്ന ആശയത്തെ അവതരിപ്പിക്കുന്നു. പ്രധാനപ്പെട്ട ദ്രാവിഡ ഭാഷകളെ സംബന്ധിച്ച വിവിധ പണ്ഡിതന്മാരുടെ നിരീക്ഷണങ്ങളെ ഇതിനായി വിശകലനം ചെയ്യുന്നു. തുടർന്ന് ദ്രാവിഡഭാഷാ കുടുംബ ത്തിലെ ഭാഷകൾക്ക് ഇതര ഗോത്രത്തിലെ ഭാഷകളുമായുള്ള ജൈവബന്ധത്തെയും മറ്റ് ഉപ കുടുംബങ്ങളുടെ രൂപപ്പെടലും അവ തമ്മിലുള്ള ബന്ധത്തെയും വിശദമാക്കുന്നു. പ്രാഗ്‌ഗ്ദാവിഡത്തിൽ നിന്നും ഇന്നുകാണുന്ന സ്വതന്ത്ര ഭാഷകളുടെ പരിണാമത്തെ സൂചിപ്പിക്കുന്ന ഒരു ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ദ്രാവിഡ കുടുംബത്തെപ്പറ്റിയുള്ള വിശകലനം ദ്രാവിഡസ്വനിമ മണ്ഡലത്തെപ്പറ്റിയും ക്രമേണ മുന്നോട്ടുവെച്ച സ്വനനയങ്ങളെപ്പറ്റിയും വിശദീകരിച്ചുകൊണ്ടാണ് തുടരുന്നത്. അതിനോടൊപ്പം തന്നെ ദ്രാവിഡ വ്യഞ്ജനങ്ങളെപ്പറ്റിയും ചർച്ച ചെയ്യുന്നുണ്ട്. അവയോരോന്നും പ്രത്യേകം പ്രത്യേകമായെടുത്ത് കാൽഡ്വൽ അടക്കമുള്ളവരുടെ
വീക്ഷണങ്ങളും ആയി താരതമ്യപ്പെടുത്തുന്നു. അവസാനമായി ഭാഷാരൂപവിചാരത്തെയും പുനഃസൃഷ്ടി ചെയ്യുന്ന വ്യവസ്ഥകളെപ്പറ്റിയും വിശദീകരിച്ചുകൊണ്ടാണ് ലേഖനം ഉപസംഹരിച്ചിട്ടുള്ളത്.
コメント